Total Pageviews

Monday, July 23, 2012

പുകഞ്ഞണഞ്ഞ സിഗരറ്റ്

അന്ന്‍,
സിഗരറ്റ്:
മഞ്ഞ ഞൊറിയുള്ള  വെള്ളപ്പട്ടുടുത്ത്
അവന്റെ  ചുണ്ടില്‍ മുത്തമിട്ട്,
അവളൊരു താരംപോലെ ജ്വലിച്ചു നിന്നു.
അന്ധമാം യുവത്വത്തിന്‍ തീച്ചൂടില്‍
കേട്ടും കണ്ടുമറിഞ്ഞിടാന്‍ കൊതിച്ചന്നവളെ.
കാണ്‍കെ, അഭിരാമകര്‍ഷിണി,
വിലപറഞ്ഞവനില്‍ നിന്നും 
വിലകൊടുത്തു വാങ്ങിയന്നവന്‍ .
കുറച്ചുനാളതിന്‍   മധുനുണഞ്ഞു ,
വന്നതിന്‍ ലഹരിയില്‍ മിഴിയണഞ്ഞു ,
പിന്നതില്‍ ബോധവുമിടഞ്ഞു,
ഒടുവിലായി ശക്തിയുമുടഞ്ഞു. 
സ്വയം പുകഞ്ഞും, ഉള്ള്‍ പുകച്ചും ,
ആകുലത നിറച്ചും, കാഴ്ച്ച മറച്ചും,
എന്നുമവനെ  നീറ്റി സ്വയം നീറുന്നവള്‍ ,
അവളങ്ങനെ  പൊലിഞ്ഞു വീണു..
ചൂടേറ്റു വാടിവിളറി 
വിഷക്കറപ്പിടിച്ചൊരു  ചുണ്ടുതൊട്ട്
പരിഭൂതന്‍ ; വചനീയനവന്‍ വിലപിച്ചു .
ഇന്ന് ,
അവന്റെ അനശ്വര നിശ്വാസത്തില്‍ തളിരുകള്‍,
ചിന്തയില്‍ കന്മഷത്തിന്‍ കുരുക്കുകളില്ല,
ഉടലില്‍ ആത്മബലത്തിന്‍ ഓജോബലം,
പ്രജ്ഞയ്ക്ക് തിരിച്ചറിവിന്‍ വെളിച്ചം ,
അവനിന്ന് ആത്മസ്വരൂപത്തിന്‍ ഗ്രഹനാഥന്‍,
നിറവെളിച്ചത്തില്‍ വിളങ്ങുന്ന നിറദീപം ..

No comments:

Post a Comment