ബുദ്ധി ഭ്രമണപഥം തെറ്റി സഞ്ചരിക്കുകയാണിന്നു ,
എന്നെന്നോർമയില്ല, ഏതു നിമിഷമെന്നു നിശ്ചയമില്ല ..
നമ്മുടെ പ്രണയ ബാന്ധവ കൂടുകൾ വെടിഞ്ഞു നീ,
മാനവോല്ലാസ മനോരാജ്യങ്ങളെ അസ്വസ്ഥമാക്കിയ,
ഉന്മാദത്തെ ഭയപ്പെടുത്തിയ പ്രേത ഭൂവിലേക്കു,
ഈ പ്രപഞ്ച തമോഗർത്തങ്ങളിൽ എന്നെയേകനാക്കി,
ആത്മാവിൻ നീലവെളിച്ചമേന്തി നീ യാത്രയായതെന്നെന്നു..
എന്റെ ഹൃദയവിഹാരതുരുത്തിൽ വ്യസനശൂന്യത നിറച്ചു;
ആറടി മണ്ണെന്റെ ഹൃദയത്തിൽ തുരന്നു തുരന്നു,
രാമച്ചവും വാസന ചന്ദനത്തടികളും തീർത്ത മെത്തയിൽ
ഞാൻ കൊളുത്തിയോരീ ചിതാഗ്നി നിന്നെ വിഴുങ്ങുന്നതും കണ്ടു,
ഉടലുരുക്കുന്നോരഗ്നിക്കു മുന്നിൽ അകമുരുകി ഞാനെരിയുന്നു..
ആശാഭിലാഷങ്ങളെ കാവിപുതപ്പിച്ചു,
മൃദുലമാം കാൽപാദം ഭൂമിയെ ചുംബിച്ചു,
നീ പകർന്ന ജീവോർജ്ജം സിരയിലേന്തി,
ലക്ഷ്യം മനസ്സിൽ കത്തിസ്ഫുരിപ്പിച്ച ജ്വാലകളുമായി ,
നിന്റെ ഉടലിനു നന്മയുടെ സുഗന്ധമേകാൻ,
മിഴികൾക്കു കർണന്റെ കാന്തിയേകാൻ,
പകുത്തു നല്കിയ കരളും, പകുതിയെരിഞ്ഞ ദേഹവുമായി
ഞാൻ യാത്രയാവുന്നു, നിത്യനിദ്രയിൽ നിന്നു നിന്നെയുണർത്താൻ..!
കൈലാസനാഥന്റെ കാല്പാദങ്ങൾ ഉയിരു കൊടുത്ത ഹിമാലയങ്ങളിൽ,
ഭൗമ ഗർഭത്തിൽ തളിരിടും മൃതസഞ്ചീവനി തേടി:
ഇല്ലയതവിടെയെന്നാൽ നൂറ്റാണ്ടുകൾ വൃതംനോറ്റു വരപ്രാപ്തനായി,
മരണം വിളർച്ച പടർത്തിയ നിന്റെ അധരങ്ങളിൽ,
ജീവന്റെ അഴകു പകരാൻ ഞാൻ യാത്രയാവുന്നു..
ഉണരവേ നിന്റെ നെറ്റിയിലൊരായുസ്സിന്റെ സ്നേഹ ചുംബനമേകി,
ഹർഷാരവങ്ങളോടെ വീണ്ടും യാത്ര തുടരാൻ..
എന്റെ അർദ്ധവും , അർത്ഥവും നിറയും നീയെ,
മഴവില്ലിൻ വർണ ലാവണ്യങ്ങൾ വിടരും നിൻ പുഞ്ചിരി
ഹൃത്തിൽ ജീവന്റെ സ്പന്ദനമേകവേ,
യാത്രയാവുന്നു ഞാൻ, നിത്യനിദ്രയിൽ നിന്നു നിന്നെയുണർത്താൻ..!
No comments:
Post a Comment