Total Pageviews

Tuesday, March 11, 2014

ഓർമക്കുറിപ്പുകൾ


ബാല്യത്തിന്റെ സ്മ്രിതിപ്പൂക്കളിന്നും പൂക്കുന്നിതാമനസ്സിൽ,
ജരാനരകൾ പടർന്നൊരീ വൃദ്ധഹൃദയത്തിലും
തുളുമ്പുന്നു ഉണർവിന്റെയാ ചിതറിയ ഒർമകൾ.
കാലമുണക്കിയ ആലിലതൻ അസ്തിത്വത്തിലും
ഞാൻ കാണുന്നതിന്നാകാലമത്രേം,
ദ്രവിക്കുന്തോറും നയനസുന്ദരം , എന്റെയീ ഓർമകളും..
ചിലതു ശരംപ്പോലെ തൊടുക്കും ഹൃത്തിൽ നിന്നും,
എന്റെയാത്മവികാരത്തെ ആഴത്തിൽതറച്ചും,
മിഴികൾ നീറ്റിയും വിവശനാക്കുന്നുവെന്നെ.
ഉള്ളുപൊള്ളിക്കും ചിലതെങ്കിലും,
ചിലതുണ്ട് സുഖാനുഭവങ്ങളേകും ദളങ്ങൾ..

അന്ന് കണ്ണിലലിയിച്ച മഞ്ഞ്ത്തുള്ളികൾ,
ഇന്നും തോരാത്ത മഴയുടെ കുളിരുപൊലെയുറയുന്നു.
മാഞ്ചോട്ടിൽ രസിച്ചും ചിരിച്ചും പോരിട്ടും
ഉന്മാദിച്ചോരുയിരുറ്റ ബാല്യം.
ഇളം പച്ച ഇലകൾക്കിടയിലൂടെന്നെത്തേടി വന്ന
വെയിലിന്നോടൊളിച്ചും കളിച്ചും,
കിളിനാദം കേട്ടു കിളിയെത്തേടി നടന്നതും,
കൈകളിൽ അലിഞ്ഞുത്തീർന്ന കല്‍ക്കണ്ടവും,
മയങ്ങും മനസ്സിൻ താരാട്ടുപ്പോലെ,
ഇന്നും സ്മ്രിതിയെ മധുരമാക്കീടുന്നു.

ബാല്യത്തിന്റെ സ്മ്രിതിപ്പൂക്കളെന്നും വിടർന്നിരുന്നെങ്കിൽ,
വിഷുക്കൊന്നകലളെന്നും കണ്ണിനു കുളിരായിരുന്നെങ്കിൽ,
പൂമുറ്റത്തലങ്കാരമായെന്നും പൂക്കളങ്ങളും,
ഓലപ്പന്തും  കളിത്തോണിയും ആശിക്കയാണെന്മനം,
തേങ്ങുകയാണിന്നീ നഷ്ട്ബോധം;
ദിനരാത്രങ്ങളൊന്നുപോലുമീ പടിവാതിക്കൽ കാത്തുനിന്നീല,
എന്നും നിറഞ്ഞ മോഹങ്ങൾ; ഇന്നും തീരാദാഹമായി
ജ്വലിക്കുന്നു ചിതാഗ്നിപ്പോലെ.
കാലം വെടിഞ്ഞോരീ മാംസപിണ്ഡത്തിലും,
ദളമായി വിടരുകയാണാശകളോരോ നിമിഷവും..

Sunday, May 19, 2013

ചിന്നേച്ചി

ചിന്നേച്ചി,  ഇനി ഓർമയുടെ കോവിലിൽ 
മുഴങ്ങുന്ന  ശബ്ദമാകുമ്പോൾ ,
എനിക്ക് നഷ്ടമാകുന്നു ,
ഇന്നലെകളിലേക്കോടുന്നയെന്റെ വേരുകൾ ..
അറിവിനും അന്നത്തിനുമായി നാട് വിട്ടലയുമ്പോൾ 
എനിക്ക് നഷ്ടമാകുന്നു ,
ആ നെറുകിൽ ഒരു അവസാന ചുംബനവും ..
നോവിന്റെ പീഡകളോടു വിട പറഞ്ഞു ,
ചിന്നേച്ചി  യാത്രയാകുമ്പോൾ,
ഇവിടം, എന്റെ തറവാട് , ശൂന്യമാകുന്നു.
 ഓർമകളിലിന്നു തിരിതെളിയുന്നു,
എന്നും ചിരിതൂകുന്ന മുഖവും,തനിമയും,
നിലയ്ക്കാത്ത സ്നേഹാന്വേഷണങ്ങളും..
പഴയ കഥകളും , അറിവുകളും 
പിന്നെ പഴമയുടെ തനതായ പലതും..
ഇനി ഓർമകൾ മാത്രം .
തിരക്കുള്ള  ശീതീകരിച്ച വഴികളിൽ,
ചൂടുള്ള പ്രാണവായുവായി,
മുങ്ങിയും പൊങ്ങിയുമവ 
മരിക്കാതെ മനസ്സിൽ ഒഴുകുന്നു . 


Monday, July 23, 2012

പുകഞ്ഞണഞ്ഞ സിഗരറ്റ്

അന്ന്‍,
സിഗരറ്റ്:
മഞ്ഞ ഞൊറിയുള്ള  വെള്ളപ്പട്ടുടുത്ത്
അവന്റെ  ചുണ്ടില്‍ മുത്തമിട്ട്,
അവളൊരു താരംപോലെ ജ്വലിച്ചു നിന്നു.
അന്ധമാം യുവത്വത്തിന്‍ തീച്ചൂടില്‍
കേട്ടും കണ്ടുമറിഞ്ഞിടാന്‍ കൊതിച്ചന്നവളെ.
കാണ്‍കെ, അഭിരാമകര്‍ഷിണി,
വിലപറഞ്ഞവനില്‍ നിന്നും 
വിലകൊടുത്തു വാങ്ങിയന്നവന്‍ .
കുറച്ചുനാളതിന്‍   മധുനുണഞ്ഞു ,
വന്നതിന്‍ ലഹരിയില്‍ മിഴിയണഞ്ഞു ,
പിന്നതില്‍ ബോധവുമിടഞ്ഞു,
ഒടുവിലായി ശക്തിയുമുടഞ്ഞു. 
സ്വയം പുകഞ്ഞും, ഉള്ള്‍ പുകച്ചും ,
ആകുലത നിറച്ചും, കാഴ്ച്ച മറച്ചും,
എന്നുമവനെ  നീറ്റി സ്വയം നീറുന്നവള്‍ ,
അവളങ്ങനെ  പൊലിഞ്ഞു വീണു..
ചൂടേറ്റു വാടിവിളറി 
വിഷക്കറപ്പിടിച്ചൊരു  ചുണ്ടുതൊട്ട്
പരിഭൂതന്‍ ; വചനീയനവന്‍ വിലപിച്ചു .
ഇന്ന് ,
അവന്റെ അനശ്വര നിശ്വാസത്തില്‍ തളിരുകള്‍,
ചിന്തയില്‍ കന്മഷത്തിന്‍ കുരുക്കുകളില്ല,
ഉടലില്‍ ആത്മബലത്തിന്‍ ഓജോബലം,
പ്രജ്ഞയ്ക്ക് തിരിച്ചറിവിന്‍ വെളിച്ചം ,
അവനിന്ന് ആത്മസ്വരൂപത്തിന്‍ ഗ്രഹനാഥന്‍,
നിറവെളിച്ചത്തില്‍ വിളങ്ങുന്ന നിറദീപം ..

Saturday, July 21, 2012

ആശുപത്രിയിലെ ഓര്‍മ്മകള്‍


ഞാന്‍ കിടന്ന മുറിക്കപ്പുറവും ഇപ്പുറവും 
ഇന്നലെ മരണവും ജനനവും..
ജീവന്റെ ആര്‍പ്പുവിളി,
ചാവിന്റെ നിലവിളി ,
ഇതിനിടയില്‍ സ്തബ്ധനായി ഞാന്‍ കിടന്നു.
പുറമെ നേരിന്റെ ഇരുണ്ട ഇടനാഴി;
ഞാന്‍  വെട്ടത്തിന്‍  കീഴെയൊളിച്ചിരിക്കുന്നു.
നിലാവിന്റെ വെളിച്ചം തേടി,
 വാടകവീട്ടിന്‍ സ്വാതന്ത്രത്തിന്നപ്പുറം
അതിരുകള്‍ തിരിക്കാത്ത മതിലുകള്‍ക്കപ്പുറം  
ഇരുളില്‍ തടസ്സങ്ങള്‍ തട്ടി മനസ്സ് നടക്കുന്നു,
വഴിയറിയാതെ ,പൊരുളറിയാതെ..
ജീവിതത്തിലെ 'ഓപെറെഷന്‍ തിയേട്രുകളില്‍'
എന്നെ കീറി മുറിച്ചവര്‍,
എനിക്കുവേണ്ടി പുറമെ-
കതകിനരികില്‍ നിന്ന് ഖിന്നിച്ചവര്‍....,
ജീവന്റെയാവരണം മരണം
പറിച്ചെടുക്കുമെന്നു ഭയന്നവര്‍,
ഓരോരുത്തരും ഉള്ളില്‍ മിന്നിത്തെളിഞ്ഞു .
ഇന്ന് തളര്‍ന്ന ദേഹത്തിനു മുകളില്‍ 
കനവുകള്‍ നിറച്ച കുപ്പികള്‍,
അതില്‍ നിന്നിറ്റിറ്റായി ജീവന്റെ കണികകള്‍ 
കൈയിലെ ഞരമ്പുകളില്‍ അരിച്ചു കേറുന്നു..
ജീവശ്വാസത്തിന്‍ അടയാളം 
ഇവിടെ 'പോര്‍ട്രൈറ്റ്‌ ' കാന്‍വാസില്‍,
കറുപ്പില്‍ പച്ച കൊണ്ടൊരു വിരുതന്‍ 
തുടരെ വരച്ചിടുന്നു..
ഞാന്‍ മരിച്ചിട്ടില്ലത്രെ ..!!


Sunday, July 15, 2012

ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ ആത്മാവ്


മരണാനന്തരം മേഘകവാടത്തിന്നരികില്‍ വെച്ച് 
അവരെന്നോട് ചോദിച്ചെന്റെ നിറമെന്തെന്നു ?
മാറ് പിളര്‍ന്നു ഞാന്‍, കണ്ണഞ്ചിച്ചവര്‍ നോക്കി ..
നെഞ്ചിന്‍ ചുവടെ ചെങ്കോട്ടയില്‍
നിണം  തുടിച്ചു പാഞ്ഞു നിറയ്ക്കും നിറം,
വാഴ്വിന്‍  പ്രാന്തഭൂമിയില്‍ 
നിതാന്തമൊഴുകിയ വിയര്‍പ്പിന്‍ നിറം ,
എന്ഗെല്സും, മാര്‍കസും, ലെനിനും 
വരച്ചെടുത്തോരാദര്‍ശത്തിന്‍ നിറം ,
വിശ്രാന്തിയില്ലാതെ പരിശ്രമിച്ചഭിരമിക്കുന്നവന്റെ നിറം.
പണ്ടേ വിപ്ലവത്തിന്‍ കോട്ടകള്‍ കെട്ടി ,
കല്ലുകള്‍ക്കിടയില്‍ നിന്നും തുറന്ന മാനത്തില്‍ 
അലയായലിഞ്ഞ ഒരു പാട്ടിന്‍ സ്വരം,
കര്‍മ്മ കുരുക്ഷേത്രമിതു  കമനീയം  ..
പിന്നെ നൂറായിരം നിരാലംബരുടെ 
താങ്ങായി, തണലായി, വന്‍തരുവായി 
പടര്‍ന്നു വളര്‍ന്നൊരു പ്രസ്ഥാനത്തിന്‍ നിറം.
ചെങ്കൊടി നെറുകില്‍ ചൂടിയൊരു പ്രസ്ഥാനം ...
പ്രകമ്പിത നെഞ്ചിന്‍ ദൃഡത നിബിഡമായി ,
നാവുകള്‍ തന്‍ അരിവാളുകള്‍കൊണ്ട് കൊയ്തവര്‍,
ദുര്‍ബലദീനരില്‍ പ്രത്യാശാവേശം നിറച്ചവര്‍,
ആതുരനിസ്തബ്ധ ശൈത്യത ബാധിച്ചൊരു
മര്‍ത്യ മനസ്സിനെ കമ്പളം പുതപ്പിച്ചവര്‍,
നേരിന്റെ തളിരില്‍ നിണമൊഴിച്ചു  വളര്‍ത്തിയവര്‍.......
വിശ്വ പാരമ്പര്യത്തിലൊരു  കണിക ഞാനും 
അവരുടെ നിറമാണെന്റെ നിറം , നേരിന്റെ നിറം ..

Friday, July 13, 2012

മന്ദാരം


ഞാന്‍  നട്ട്  വളര്‍ന്ന സൗഹൃദ മന്ദാരമിന്നു   പൂത്തുനില്കുന്നു,
അതിന്‍ തണലില്‍  ഞാന്‍ ശാന്തനും ..
അതിന്‍ കീഴെ നില്‍കുന്നയെന്നെ 
വെറുതെ വിടാതെ നോക്കുന്നു ഇന്നലെകള്‍ ..
വെള്ളിനക്ഷത്രങ്ങള്‍പോലെ ഇന്നലെകള്‍ വന്നു,
ഇന്ന് വെള്ളിമുകിലുകള്‍ നിറഞ്ഞു തെളിയും പകലുകളും ..
പ്രണയമേ , ജീവന്മരണ നേര്‍രേഖയില്‍ വെച്ചെന്നെ 
വലിക്കുന്നു കാന്തമായി ശക്തം നീ .. 
എന്റെ ചിന്താചേതനകള്‍ക്ക് ചിറകേകിയതും,
യുക്തിക്ക് വര്‍ണമേകിയ മഴവില്ലും നീ തന്നെ ,
ഒടുവില്‍ അറിവൂ ഞാന്‍, നീയാണ് 
ഇന്നെനിക്കുമുകളില്‍ പൂത്ത  മന്ദാരവും ..

Saturday, May 5, 2012

ഋതുഭംഗികള്‍

മനസ്സിന്‍ ജാലകം തുറന്നു വന്ന  പൌര്‍ണമിയെ ,
മിഴിയില്‍ നിദ്ര മയങ്ങുമ്പോള്‍,
അകമേ  നിറയുന്ന വെളിച്ചമാണ് നീ  .. 
പുലരെ   പൊന്‍ പ്രഭാതം പുഞ്ചിരിക്കുമ്പോള്‍ ,
മിഴിയില്‍  തിളങ്ങുo   വജ്രമാകുന്നു   നീ .
ഹൃദയത്തില്‍ അലിഞൊഴുകും ഈണമായും, നിണമായും
പിന്നെ  എന്നിലെ ഞാനറിയാത്ത ഞാനായും,
ഉള്ളിലെ ഋതുഭംഗികളുടെ ഭാവമായും,
അമൃതായി ജീവനിലലിയും  പ്രസാദമായും,
മാനസ സരസ്സില്‍ വിടരുന്നൊരു നിശാപുഷ്പമെ,
നിന്നിലെ അഴകും സുഗന്ധവും അറിയുന്നു ഞാന്‍ . 
കണ്ണില്‍ സ്ഫടികം തെളിയിച്ചഗ്നിയുമായി 
എന്‍  നെഞ്ചിലെ പ്രണയാതുരതയെ ജ്വലിപ്പിച്ചും 
എന്നും  കണ്ട   ഒരേ   സ്വപ്നത്തെ  മോഹിച്ചും 
ഇന്ന് ഇലകള്‍ പൊഴിച്ച ഈ വഴിയില്‍  നടക്കുമ്പോള്‍,
അകലെ തെളിയുന്ന വെട്ടത്തെ നോക്കി 
കണ്ണൊന്നു ചിമ്മവെ ,  കാണുന്നു ഞാന്‍,
'കൈകോര്‍ത്തു നമ്മള്‍ അഗ്നിയെ വലം വയ്കുന്നതും  
വേദമന്ത്രങ്ങളും വാദ്യങ്ങളും  നമുക്കായി മുഴങ്ങുന്നതും
ഒടുവില്‍  സിന്ദൂരമണിഞ്ഞു നീയെന്റെ നിഴലായി നില്‍കുന്നതും'.....
ഇന്നീ ഋതുക്കള്‍ മനസ്സില്‍  പൊഴിക്കും നിനവുകള്‍
നിളയാം മോഹങ്ങള്‍കുമീതെയൊഴുകവേ,
അതിന്‍  തീരത്തിരുന്നു,വര്ണ്ണശബളമാം പുഞ്ചിരിതൂകി
എന്റെ തോളില്‍ ശയിക്കും  പ്രിയയുമൊത്ത്
 നെയ്തു  തീര്‍ക്കുന്നു  ഞാന്‍ ,നാളെയുടെ സ്വപ്ന  ഗോപുരങ്ങള്‍ ..